ഏകസിവിൽ കോഡ്; സിപിഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് അതൃപ്തി

single-img
11 July 2023

ഏക സിവിൽകോഡിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് യുഡിഎഫ് ഘടക കക്ഷിയായ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ. ഏക സിവിൽകോഡ് നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുൻപു നടക്കുന്ന ചർച്ചകൾ അനാവശ്യമെന്നാണ് സിപിഐ നിലപാട്.

മുസ്ലിം ലീഗിനുള്ള ക്ഷണവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗത്തിലെ ചർച്ചകൾക്കു ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം.

അതേസമയം, സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സിപിഐ നേതാക്കളാരും പരസ്യപ്രതികരണങ്ങൾക്ക് തയാറായിട്ടില്ല. ഈ വെള്ളിയാഴ്ച മുതൽ ഡൽഹിയിൽ നടക്കുന്ന ദേശീയ നേതൃയോഗങ്ങൾക്കു ശേഷമായിരിക്കും സിപിഐ നിലപാട് പരസ്യമായി പറയുക.