തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; സുരേഷ് ഗോപിക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

single-img
28 September 2024

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത്തവണത്തെ തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. ജോയിന്‍റ് ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.

പൂരം അലങ്കോലമായ രാത്രിയിൽ വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ഈ രീതിയിൽ ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എമർജെൻസിയായി രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി.

സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സിപിഐ പറയുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി സുമേഷ് കെ പി ആണ് പരാതി നൽകിയത്.