അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ പട്ടികയിൽ സിപിഐയും; പ്രതിഷേധിച്ചപ്പോൾ തിരുത്തൽ വരുത്തി

single-img
18 March 2023

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ (സിപിഐ) അന്താരാഷ്‌ട്ര ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പിസ്. വിഷയത്തിൽ സിപിഐ ഉയർത്തിയ പ്രതിഷേധത്തെ തുടർന്നാണ് തിരുത്തൽ നടപടി.

ആസ്ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഇപി തയ്യാറാക്കിയ 202ലെ അന്താരാഷ്ട്ര ഭീകരപാർട്ടികളുടെ പട്ടികയിൽ പന്ത്രണ്ടാമതായി സിപിഐ ഇടം പിടിച്ചിരുന്നു. എന്നാൽ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്.

അതേസമയം, അൽഖ്വയ്ദയും ലഷ്‌കർ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയിൽ ഇടംപിടിച്ചത്‌. ഈ റിപ്പോർട്ട് കണ്ട ഇന്ത്യയിലെ സിപിഐക്കാർ പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ സിപിഐയുടെ എതിരാളികൾ ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

തികച്ചും തെറ്റായ റിപ്പോർട്ട് ഉടൻ പിൻവലിച്ചില്ലായെങ്കിൽ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കൾ അറിയിച്ചു. സത്യത്തെ അൽപ്പമെങ്കിലും മാനിക്കുന്നവർ ഇവരുടെ ഗവേഷണം കണ്ട് ചിരിക്കുമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ഇതിനെ തുടർന്ന് പറ്റിയ തെറ്റ് ഉടൻ തന്നെ ഐഇപി തിരുത്തി. 2022-ൽ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകൾ കൊല ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 30 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാലയളവിൽ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങൾ ഐഎസ് നടത്തി.