കനത്തിനെതിരെ കരുനീക്കം; കെ ഇ ഇസ്മയിലിനെതിരെയും സി ദിവാകരനെതിരെയും നടപടി ഉണ്ടായേക്കും
സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തിക്കൊണ്ട് സി ദിവാകരൻ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം. സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ മത്സരം നടത്താനാണ് കെ ഇ ഇസ്മയിൽ പക്ഷത്തിന്റെ ശ്രമം. പ്രകാശ് ബാബു, വിഎസ് സുനിൽകുമാർ, സിഎൻ ചന്ദ്രൻ ഇതിൽ ഒരാളെ സെക്രട്ടറി സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടാനാണ് ഇവർ ശ്രമിക്കുന്നത്. സമ്മേളനത്തിന് മുൻപ് തന്നെ വിമതശബ്ദങ്ങൾ ഉയർന്നത് കൊണ്ട് കാനം രാജേന്ദ്രൻ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. എതിർ ചേരിയുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസവും കാനം വിഭാഗത്തിനും ഉണ്ട്.
ഇതിനു പ്രതികാരമായി പ്രായപരിധി കർശനമായി നടപ്പാക്കി കെ ഇ ഇസ്മയിലിനേയും സി ദിവാകരനെയും നേതൃനിരയിൽ നിന്ന് പുറത്താക്കാനാണ് കാനം ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ പടി എന്നരൂപത്തിൽ പാർട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചർച്ചയിൽ ഉയർന്ന് വന്നു. എന്നാൽ മൂന്നാം തവണയും
കാനം സെക്രട്ടറിയായി വന്നാലും എതിർശബ്ദങ്ങളില്ലാതെ ആകരുതെന്ന വാദം ഉയർത്തിയാണ് പ്രായപരിധി എന്ന പ്രതിസന്ധിയെ കെ ഇ ഇസ്മയിൽ പക്ഷം നേരിടുന്നത്.
ഇന്നലെ നടന്ന ചർച്ചയിൽഎറണാകുള ജില്ല റിപ്പോർട്ടിംഗിനിടെ പൊട്ടിത്തെറി ഉണ്ടായി. കാനത്തിനെ അമിതമായി പിന്തുണച്ചതിന് എതിരെ എറണാകുളത്ത് നിന്നുള്ള 4 അംഗങ്ങൾ തന്നെ രംഗത്ത് വന്നു. ജില്ലയിൽ നിന്ന് എല്ലാവരുടെയും അഭിപ്രായമല്ല റിപ്പോർട്ടിംഗിൽ പ്രതിനിധി പറഞ്ഞതെന്നായിരുന്നു വിമർശനം. എന്നാൽ ജില്ലാ പ്രതിനിധിയുടെ ഭൂരിപക്ഷ അഭിപ്രായമാണ് താൻ പറഞ്ഞതെന്ന് പ്രതിനിധിയും നിലപാട് എടുത്തു. ഇതോടെ ബഹമാകുകയും സമ്മേളനം നിർത്തിവെക്കേണ്ട സാഹചര്യം വരെ ഉണ്ടാകുകയും ചെയ്തിരുന്നു.
ഇടുക്കി ഒഴികെയുള്ള ജില്ലയൊഴികെ റിപ്പോർട്ടിംഗ് പൂർത്തിയാക്കിയ 7 ഇടത്തും കാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ന് സംസ്ഥാന കൗൺസിലിന് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.