സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോട്ടയം കാനം സ്വദേശിയായ കാനം രാജേന്ദ്രൻ തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന കാനം രാജേന്ദ്രൻ ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്നും മൂന്നു മാസത്തെ അവധിയിലായിരുന്നു.
സമീപ കാലത്തുണ്ടായ അപകടത്തിൽ കാനത്തിന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു. പ്രമേഹബാധിതനാണെന്നതിനാൽ മുറിവ് ഉണങ്ങിയില്ല. അണുബാധ ഉണ്ടായതിനാൽ അടുത്തിടെ പാദം മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്നാണ് അദ്ദേഹം പാർട്ടിപ്രവർത്തനത്തിൽനിന്ന് മൂന്ന് മാസത്തെ അവധിയിൽ പ്രവേശിച്ചത്.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലായിരുന്നു കാനത്തിന്റെ ജനനം. എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
1970 ല്‍ എ ഐ വൈ എഫിന്റെ സംസ്ഥാന സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഈ സമയത്തുതന്നെയാണ് സി പി ഐ സംസ്ഥാന കൗൺസിലിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാകുന്നത്. ഉന്നത പദവികൾ വഹിക്കുമ്പോൾ 25 വയസായിരുന്നു പ്രായം. 28-ാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കാനം 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 2015ല്‍ കോട്ടയത്ത് നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.