പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐഎം


കണ്ണൂർ കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്.
തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചില്‍ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന് സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാല. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ് ഡിവൈഎഫ്എൈ പ്രവര്‍ത്തകര്‍ ഉജ്വല പ്രക്ഷോഭവുമാമയി രംഗത്തിറങ്ങിയത്. പ്രകോപനമൊന്നുമില്ലാതെ ജനാധിപത്യപരമായി സമരം ചെയ്തിരുന്ന യുവാക്കളുടെ കൂട്ടത്തിനുനേരെയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നിറയൊഴിച്ചത്.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന പൊലീസ് വെടിവെപ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായപ്പോള്‍ പുഷ്പന്‍ ഗുരുതരമായി പരിക്കേറ്റ്, ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിക്കുന്ന രക്തസാക്ഷിയായി.
ചികിത്സയും മരുന്നുമായി വേദന കടിച്ചമര്‍ത്തിയുള്ള നിരന്തരയാത്രയായിരുന്നു ഇതുവരെ പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പന്‍.
പാര്‍ട്ടിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും കുടുംബവുമുള്‍പ്പെടെ സാന്ത്വനമായും തണലായും എന്നും പുഷ്പന് ഒപ്പമുണ്ടായിരുന്നു. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വര്‍ഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സധീരം നേരിട്ട് മുന്നേറാന്‍ പുഷ്പന്റെ ധീരസ്മരണകള്‍ കരുത്തുപകരും.
നിതാന്ത ജാഗ്രതയോടെ എക്കാലത്തും പുഷ്പനോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.