നിരോധിക്കപ്പെട്ടതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ വക്താക്കളായി മാറിയിരിക്കുന്നു: പികെ കൃഷ്ണദാസ്
കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനം കൊണ്ട് കാര്യമില്ലെന്നാണ്.സമാനമായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ അഭിപ്രായവും. ഇവർ സ്വീകരിച്ച നിലപാട് തന്നെയാണോ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
നേരത്തെ കേരളത്തിൽ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോഴുള്ള പിണറായി സർക്കാരിനും ഇതേ നിലപാടാണോയെന്ന് സർക്കാർ വ്യക്തമാക്കണം.
പ്രതിപക്ഷ നേതാവായ വി ഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലർ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് സ്വയം ഉയർത്തിയിരുന്നു ന്യായീകരണങ്ങളാണ് കോൺഗ്രസ്- സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്.
നമ്മുടെ രാജ്യത്തെ ആർഎസ്എസ്സിനെ പ്രതിരോധിക്കാനാണോ സിറിയയിൽ ഐഎസ് രൂപം കൊണ്ടത്. അഫ്ഗാനിസ്ഥാനിൽ അൽഖ്വയിദ ഉണ്ടായത് ആർഎസ്എസ് ഉള്ളതുകൊണ്ടാണോയെന്നും പി.കെ കൃഷ്ണദാസ് ചോദികുരുന്നു. കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം ശക്തമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരായ നിരോധനം ഇനി എസ്ഡിപിഐക്കും ബാധകമാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.