കോൺഗ്രസ് 12 ഇടതുപക്ഷം 24; ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ

single-img
20 March 2024

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിക്കുമ്പോൾ ഇടതുപക്ഷ പാർട്ടികൾ 24 സീറ്റുകളിലും, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 42 ലോക്സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ച്ചക്കാലം നീണ്ട ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യൻ സെക്കുലർ മുന്നണിയുമായും (ഐഎസ്എഫ്) ലോക്സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയത്. മുർഷിദാബാദ് സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു.

പകരം കോൺഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും. സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുർഷിദാബാദിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. നിലവിൽ പുരുലിയ, റാണിഗഞ്ച് സീറ്റുകൾ വിട്ടുനൽകാനുള്ള തീരുമാനത്തിൽ ഇടതുമുന്നണിക്കുള്ളിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

പാർട്ടിയുടെ പരമ്പരാഗത മൂന്ന് സീറ്റുകളൊന്നും – പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് കോൺഗ്രസിനോ ഐഎസ്എഫിനോ നൽകരുതെന്നാണ് എഐഎഫ്ബി ആവശ്യം. ബസീർഹത്ത് സീറ്റും ഇടതുപക്ഷത്ത് ഒരു തർക്ക വിഷയമാണ്. സീറ്റ് സി.പി.ഐ.എമ്മിന് വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറല്ല.