ഇ പി ജയരാജനെതിരായ പരാതിയിൽ സി പി എം അന്വേഷണം നടത്തും
എൽ ഡി എഫ് കൺവീനറും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജനെതിരായ പരാതിയിൽ സി പി എം അന്വേഷണം നടത്തും എന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണു ലഭിക്കുന്ന വിവരം. ഇതിനു മുന്നോടിയായി മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളോടും തലസ്ഥാനത്തെത്താൻ നിർദ്ദേശം നൽകി.
സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ള വിഷയമായി കണക്കിലെടുത്താണ് പരിഗണിക്കുന്നത്. ഇ പിയുടെ കുടുംബം ആയുർവേദ ആശുപത്രിക്കായി ഇതുവരെ ഒരു കോടിയോളം രൂപ നിക്ഷേപിച്ചു എന്നാണു പാർട്ടിക്ക് ലഭിച്ച വിവരം. ആകെ 30 കോടി രൂപയുടെ പ്രൊജക്റ്റാണ് ഈ ആശുപത്രി. ആദ്യം റിസോർട്ടാണ് എന്ന തരത്തിൽ ആണ് വാർത്തകൾ വന്നിരുതെങ്കിലും നിർമ്മിക്കുന്നത് ആശുപത്രി തന്നെയാണ് എന്നാണു സി പി എമ്മിന് ലഭിച്ച വിവരം.
ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്നാണു പി ജയരാജൻ സംസ്ഥാന കമ്മറ്റിയിൽ ഉന്നയിച്ച ആരോപണം. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.