തെറ്റിദ്ധരിക്കേണ്ട; ഏക സിവിൽ കോഡിനെതിരെയുളള സിപിഎമ്മിന്റെ നിലപാട് സത്യസന്ധമാണ്: കെഎൻഎ ഖാദർ

single-img
5 July 2023

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവാദമായ ഏക സിവിൽ കോഡിനെതിരെയുളള സിപിഐഎമ്മിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെഎൻഎ ഖാദർ. സിപിഎമ്മിന്റെ സെമിനാറിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവരുടെ നിലപാട് സത്യസന്ധമാണെന്നും എസ്കെഎസ്എസ്എഫ് മലപ്പുറത്ത് സംഘ‌ടിപ്പിച്ച ‘ഏക സിവിൽ കോഡും ബഹുസ്വരതയും’ എന്ന സംവാദ​ത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ശരീഅത്തുമായി ബന്ധപ്പെട്ട വിവാദകാലത്ത് സിപിഐഎം എന്ത് നിലപാട് സ്വീകരിച്ചു എന്നത് ഇപ്പോൾ ചോദിക്കുന്നത് ശരിയല്ല. അത് ആ കാലഘട്ടത്തിലെ നിലപാടാവും. എന്നാൽ ഇന്ന് പുതിയ കാലത്തിനനുസരിച്ച നിലപാടാണ് സിപിഐഎം എടുത്തിരിക്കുന്നതെന്നും കെഎൻഎ ഖാദർ പറഞ്ഞു.

ഏക സിവിൽ കോഡിനെ എതിർക്കുന്ന സിപിഐഎം ശരീഅത്തിനോട് യോജിക്കുന്നു എന്നല്ല ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ശരീഅത്ത് പിന്തുടരുന്നവരുടെ അവകാശം വകവെച്ചുകൊടുക്കണമെന്ന നിലപാടായി അതിനെ മനസിലാക്കുകയാണ് വേണ്ട‌തെന്നും കെഎൻഎ ഖാദർ കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്നതിൽ മുസ്ലിം ലീഗിൽ തുടർ ചർച്ച നടക്കാനിരിക്കവേയാണ് കെഎൻഎ ഖാദറിന്റെ പ്രതികരണം.