വീണയുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി: മാത്യു കുഴൽനാടൻ
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസിന്റെ മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ ഇന്ന് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇതുവരെ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. ഏകദേശം 44 ലക്ഷം രൂപയുടെ നഷ്‌ടം 2015- 16 ൽ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപ നൽകി. തുടർന്നിത് 36 ലക്ഷം ആക്കി.
2014 കാലഘട്ടം മുതൽ വീണ വിജയൻ നടത്തിയ കമ്പനിയിൽ 63 ലക്ഷത്തിലേറെ രൂപ നനഷ്‌ടംവന്നു എന്നാണ് ഔദ്യോഗിക രേഖകൾ. കമ്പനി നിലനിർത്താൻ 78 ലക്ഷത്തോളം രൂപ വരുന്ന സ്വന്തം പണം വീണ കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് രേഖകൾ. 2017, 18, 19 കാലഘട്ടത്തിൽ 1.72 കോടി അല്ലാതെ 42 ലക്ഷത്തിലധികം രൂപയും വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതിനു പുറമെ 36 ലക്ഷം രൂപ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു.
1.72 കോടി രൂപ കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിൽ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കിൽ ഇതിനുള്ള ജിഎസ്‌ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്‌ടി ഒടുക്കേണ്ടിടത്താണ് ഇത്.
ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലിൽ താൻ ഇപ്പോൾ നൽകുകയാണ്. ഒന്നുകിൽ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽ നാടനല്ല വീണയാണെന്ന് സമ്മതിക്കണം. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എംവി ഗോവിന്ദനും മാറി. സിപിഎമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു.