ഒരു അവസരം കൂടി; മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നല്‍കാൻ സിപിഎം ജില്ലാ നേതൃത്വം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യാശാസനം നൽകാൻ സിപിഎം ജില്ലാ നേതൃത്വം. ഭരണത്തിൽ ഉണ്ടായ വീഴ്ചകളും പ്രവര്‍ത്തനശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ഇടപെടല്‍.
മുന്നോട്ട് തിരുത്തിയും പരിഹരിച്ചും പോകാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഒരു അവസരം കൂടി നല്‍കാനാണ് ധാരണ. വിവിധ കോണുകളിൽ നിന്നും ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവി പോകുമെന്ന കരുതലിലാണ് തിരുത്താന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചേർന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നുമായിരുന്നു ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയറുടേയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിന്റെയും നടപടി അപക്വമായിരുന്നുവെന്ന വിമർശനവും ഉണ്ടായി.
മേയറുടെ പെരുമാറ്റമായിരുന്നു സിപിഐഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശിക്കപ്പെട്ടത്. മേയറുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചെന്നായിരുന്നു വിമര്‍ശനം. ഇതിന് നഗരസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.