സി പി എം ഓഫീസ് ആക്രമണം; ബൈക്കുകൾ ABVP സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച നിലയിൽ


സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും കണ്ടെത്തി. ഓഫീസിൽ ഒളിപ്പിച്ചനിലയിലായിരുന്നു രണ്ട് ബൈക്കുകൾ.
അറസ്റ്റിലായ എ.ബി.വി.പി. പ്രവർത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ബൈക്കുകൾ ഓഫീസിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുന്ന് ബൈക്കുകളിലായി എത്തിയ ആക്രമികളാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഇതിൽ രണ്ട് ബൈക്കുകളാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇനി ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കൂടാതെ അക്രമത്തിൽ പങ്കെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. അവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.