എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം


തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. അതേസമയം, വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കും. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍എസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷംസീർ വ്യക്തമാക്കി.
വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയിരുന്നു. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായിയിരുന്നു.