സിപിഎം ഒരു തീവ്രവാദ സംഘടന; ആഭ്യന്തരമന്ത്രി കഴിവുകെട്ടവൻ: കെ സുധാകരൻ
കണ്ണൂരിലെ പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നതെന്ന് കെ സുധാകരൻ ചോദിച്ചു.
ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ എഴുതി. കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും സുധാകരൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ സംസ്ഥാനം നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.