വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്; അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല: കെ സുരേന്ദ്രൻ

single-img
17 July 2024

എസ്എൻഡിപി യോഗത്തിനെതിരെയുള്ള ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

വളരെ നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ കേരളത്തിലെ അടിത്തറ തകർത്തത്. അങ്ങിനെ ചെയ്തിട്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപി എം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപി എമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപി എം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപി എമ്മിന്റെ മിഥ്യാധാരണ ലോക്സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്.

എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഐഇമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. പക്ഷെ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപി എം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സിപി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി ഗോവിന്ദൻ മാസ്റ്റർ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.