ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി പി എം മുഖപത്രം

single-img
20 September 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി പി എം മുഖപത്രം. നിലപാട് വിറ്റ് ബി ജെ പിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നാണ് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലെ വിമര്‍ശനം.

‘ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതിയാണ്. ഇദ്ദേഹമാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരുന്നത്. ബി ജെ പിയുടെ കൂലിപ്പടയാളിയായി അസംബന്ധ നാടകം നയിക്കുകയാണ്. വിലപേശി കിട്ടിയ നേട്ടങ്ങളില്‍ മതിമറന്നാടുന്നു.’- എന്നും ലേഖനത്തില്‍ പറയുന്നു. രണ്ട് ലേഖനങ്ങളിലായാണ് ദേശാഭിമാനിയിലെ രൂക്ഷവിമര്‍ശനം.

സി പി ഐ മുഖപത്രം ജനയുഗത്തിലും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമുണ്ട്. ഗവര്‍ണര്‍ മനോനില തെറ്റിയവരെപ്പോലെ പെരുമാറുന്നുവെന്നും,ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.

‘സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്‌സൈറ്റില്‍ വ്യക്തമാകും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിന് കോടികളാണ് ചെലവഴിക്കുന്നത്.’ എന്നും ലേഖനത്തില്‍ പറയുന്നു.