സിപിഎം ഓഫീസ് ആക്രമണം; അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

28 August 2022

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ, അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും അക്രമികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് കല്ലെറിഞ്ഞത് എന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിന്റെ വിവിധ ഓഫീസുകളിൽ ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ബിജെപിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.