കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എന്ന് മുഖ്യമന്ത്രി; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ബിജെപി

single-img
28 August 2022

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമെന്ന് പിണറായി വിജയൻ. സി പി എം ജില്ലാകമ്മറ്റി ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബിജെപി ഓഫിസ് ആക്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസിന് കല്ലെറിഞ്ഞത് സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നും, എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫിസിന് കല്ലെറിഞ്ഞത് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായിത്. ഓഫിസിന് പൊലീസ് കാവൽ നിൽക്കെയായിരുന്നു ആക്രമണം. പോലീസുകാർ അക്രമികളെ പിന്തുടർന്ന് എങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. മൂന്ന് ബൈക്കുകളിലായി എത്തിയവർ കല്ലുകൾ ഓഫിസിനു നേരെ എറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫിസിനു മുന്നിൽ നിർത്തിയിട്ടിരുന്ന ആനാവൂർ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി