സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി; മുൻ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടിയ്ക്ക് സാധ്യത
പാലക്കാട്: സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നാണ് സൂചന. പി.കെ. ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്.
അതേസമയം, എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ നിന്ന് പി.കെ ശശി വിട്ടു നിൽക്കുകയാണ്. പി.കെ. ശശിക്കെതിരായ നടപടി ഉൾപ്പെടെ ചർച്ച ചെയ്യാന്നാണ് യോഗം. ചെന്നെയിലേക്ക് പോകുന്നു എന്നാണ് ശശി പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വിഭാഗീയ പ്രവർത്തനം രൂക്ഷമായ ചെർപ്പുളശ്ശേരി, പുതുശ്ശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. നേരത്തെ ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂർ നാഗപ്പൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി.