കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി: മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തും.
ഡല്‍ഹി എ കെ ജി ഭവനില്‍ അവൈലബിള്‍ പി ബി യോഗം ചേര്‍ന്നാണ് അനുശോചനം രേഖപ്പെടുത്തുന്നത്. ശേഷം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മാദ്ധ്യമങ്ങളോട് സംസാരിക്കും. പിന്നാലെ സംസ്‌കാര ചടങ്ങുകള്‍ക്കായി നേതാക്കള്‍ കേരളത്തില്‍ എത്തും.
കേരളത്തിലെ പ്രധാന നേതാക്കളെല്ലാം കണ്ണൂരിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവര്‍ കണ്ണൂരില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം.
ഭൗതികശരീരം പതിനൊന്ന് മണിയോടെ കണ്ണൂര്‍ തലശേരിയില്‍ എത്തിക്കും.ഇന്ന് മുഴുവന്‍ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും.ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ നിന്ന് ഒന്‍പത് മണിയോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ എത്തിക്കുക. ഇവിടെ നിന്നാണ് ഭൗതികശരീരം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുന്നത്. രാമചന്ദ്ര ആശുപത്രിയില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം ഭൗതികശരീരം എയര്‍ ആംബുലന്‍സിലേയ്ക്ക് മാറ്റും. ഇതിനായുള്ള ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുകയും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ് കോടിയേരി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിക്കും.