ഏകീകൃത സിവിൽ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്; ഇക്കാര്യത്തിൽ അവർ ഡ്രാക്കുള: ടി സിദ്ധിഖ്
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നതായി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. വിഷയത്തിൽ ഇഎംഎസിന്റെ നിലപാടാണോ എംവി ഗോവിന്ദന്റെ നിലപാടാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം യുഡിഎഫിൽ ഭിന്നതയുണ്ടാക്കാനാണ് മുസ്ലിം ലീഗിനെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചതെന്നും ആരോപിച്ചു.
ഏകീകൃത സിവിൽ കോഡിനെ ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്. അവർ ഈ കാര്യത്തിൽ ഡ്രാക്കുളയാണ്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഈ വർഷത്തെ ഇഎംഎസിന്റെ ലോകം എന്ന സെമിനാറിൽ ഏകീകൃത സിവിൽ കോഡും വ്യക്തി നിയമവും എന്ന വിഷയം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ആദ്യ ജനസദസ് ഈ മാസം 22 ന് കോഴിക്കോട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖർ ഈ ജനസദസ്സിൽ പങ്കെടുക്കും.