കേന്ദ്രത്തിൽ മന്ത്രിസ്ഥാനം ലഭിച്ച ജെ‍ഡിഎസ് എല്‍ഡിഎഫിൽ തുടരുന്നതിൽ സി പിഎം നിലപാട് വ്യക്തമാക്കണം: എൻ കെ പ്രേമചന്ദ്രൻ

single-img
12 June 2024

കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ മന്ത്രിസ്ഥാനം ലഭിച്ച ജെ‍ഡിഎസ് കേരളത്തിൽ എല്‍ഡിഎഫിലും തുടരുന്നതിൽ സി പിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.

സംസ്ഥാനത്തെ സിപിഎമ്മിന്‍റെ മതേതരത്വ നിലപാടിനെതിരെ പോലും ചോദ്യങ്ങളുയർത്തുന്നതാണ് ഇത്. ആർഎസ്പി പണ്ട് ഇടതുമുന്നണി വിട്ടതും വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിൽ ജനതാദള്‍ എൽഡിഎഫ് വിട്ടതുമായി അതേ സാഹചര്യമാണ് ഇന്ന് ആർജെഡ‍ിക്ക് ഉണ്ടായിരിക്കുന്നത്.

നിലവിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആര്‍ജെഡി തിരിച്ചു വരാൻ തയ്യാറാണെങ്കില്‍ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു. അതേപോലെ തന്നെ പിണറായി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം കൂടിയാണ് കേരളത്തിൽ പ്രതിഫലിച്ചത്.

സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച ആശങ്ക ജനകമാണ്. കേരളത്തിന്‍റെ രാഷ്ടീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തില്‍ കോൺഗ്രസ് നിലപാട് പറയും. ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തിട്ട് ശ്രേയാംസ് കുമാറിന് കൊടുക്കാത്തത് ശരിയല്ല.

സോഷ്യലിസ്റ്റ് ആശയം പിന്തുടർന്ന് വന്ന വീരേന്ദ്ര കുമാറിന്‍റെ പാർട്ടിക്ക് സീറ്റ് നൽകുന്നില്ല. എന്നാല്‍, കേന്ദ്രത്തിൽ എൻഡിഎയിലുള്ള ഒരു പാർട്ടിയുടെ കേരള ഘടകം മന്ത്രിസഭയിൽ തുടരുകയാണെന്നും എന്‍കെ പ്രേമചന്ദ്രൻ ആരോപിച്ചു.