മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സിപിഎം സംസ്ഥാന സമിതി

single-img
18 June 2024

മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സംസ്ഥാന സമിതി അംഗങ്ങൾ യോഗത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.

കേരളത്തിലെ സർക്കാറിന്റെ മികച്ച ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്.
സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൻ്റെ ഗുണം തെരഞ്ഞെടുപ്പിൽ കിട്ടിയില്ലെന്നും സിപിഎം റിപ്പോർട്ട്. അടിസ്ഥന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.