ജാര്‍ഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു


റാഞ്ചി: ജാര്‍ഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു. ദലിത് ശോഷൺ മുക്തി മഞ്ച് നേതാവ് കൂടിയായ സുഭാഷ് മുണ്ടയെ ആണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ ബൈക്കുകളിലെത്തിയ അക്രമികൾ റാഞ്ചി ജില്ലയിലെ ദലദല്ലി ഭാഗത്തുള്ള ഓഫീസിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ഏഴ് വെടിയുണ്ടകളാണ് മുണ്ടയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു.
കേരളത്തിൽ ഉള്‍പ്പെടെ വലിയ പ്രതിഷേധം സംഭവത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സുഭാഷ് മുണ്ട പ്രാദേശിക മാഫിയകളുടെയും രാഷ്ട്രീയ വൈരികളുടെയും കണ്ണിലെ കരടായിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മുണ്ടയ്‌ക്ക് വർധിച്ചുവരുന്ന ജനപ്രീതി മാഫിയ സംഘങ്ങൾക്കും രാഷ്‌ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു. ജനകീയ വിഷയങ്ങളിൽ വളരെ മികച്ച ഇടപെടലുകൾ നടത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.
ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായ മുണ്ടയുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും രാദാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും ചേർന്ന് ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യവിശ്വാസികൾ ആകെ രംഗത്തിറങ്ങണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആവശ്യപ്പെട്ടു.