സിപിഎം സംസ്ഥാന സമ്മേളനം; തിയതി മാറ്റി
സിപിഎം കേരളത്തിലെ സംസ്ഥാന സമ്മേളനത്തിന്റെ തിയതി മാറ്റി. 2025 മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ സമ്മേളനം കൊല്ലത്ത് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ അറിയിച്ചു. നേരത്തെ ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനം എടുത്തിരുന്നത് .
പശ്ചിമ ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തിയതിയിലാണ് ഇത്തവണ നടക്കുന്നത്. അവർക്കായി ഹാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തിയതി മാറ്റിവച്ചതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
കേരളത്തിലെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ജില്ലയില്‍ സമ്മേളനങ്ങള്‍ക്കിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയത ചര്‍ച്ച ചെയ്യാനുമാണ് എംവി ഗോവിന്ദന്‍ മാസ്റ്റർ എത്തിയത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.
അതേസമയം, സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. അടുത്തമാസം ഒന്നു മുതലാണ് ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കുക. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും.