അനാരോഗ്യം കാരണം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? സിപിഎം അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും
പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പങ്കെടുക്കുന്ന സിപിഎമ്മിന്റെ അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും. നാളെ രാവിലെ 9 മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റും 11 മുതല്‍ സംസ്ഥാന സമിതിയും ചേരും. സംസ്ഥാന സമിതി യോഗം തിങ്കളാഴ്ചയും തുടരും. ആരോഗ്യ സ്ഥിതി പരിഗണിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും അവധി നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെന്നും വാര്‍ത്തകളുണ്ട്.
കോടിയേരിക്ക് പകരം സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിക്കണോ, അതോ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിയോ എന്നി ചര്‍ച്ചകള്‍ സജീവമാണ്. രണ്ട് സഹായികളെ നിയോഗിച്ച് കോടിയേരിയെ സ്ഥാനത്ത് നിലനിർത്തിയാലോ എന്ന ചര്‍ച്ചയുമുണ്ട്. താല്‍ക്കാലിക ചുമതല കൊടുക്കാന്‍ തീരുമാനിച്ചാല്‍ പിബി അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍. എകെ ബാലലന്‍ എന്നീ പേരുകള്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത രീതിയില്‍ സംസ്ഥാന സർക്കാരിനെതിരെ ഗവര്‍ണര്‍ പോര് പ്രഖ്യാപിച്ച് നില്‍ക്കുന്ന അസാധാരണ സാഹചര്യമാണ് അജണ്ടയിലുള്ള മറ്റൊരു സുപ്രധാന വിഷയം. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുന്ന ഈ വിഷയം പാര്‍ട്ടി നേതൃയോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തുറമുഖത്തിനെതിരെ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടാകും.