സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാട് ജൂത വിഭാഗത്തിനെതിരെ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം: പികെ കൃഷ്ണദാസ്
ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം സിപിഎമ്മിന്റെ കാപ്സ്യൂളെന്ന് ബിജെപി നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപി എമ്മിന്റെ ഹമാസ് അനുകൂല നിലപാട് ജൂത വിഭാഗത്തിനെതിരെ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹമാസ് നിലപാട് ക്ലച്ച് പിടിക്കാത്തത് കൊണ്ടാണ് അമ്പലത്തിൽ നിന്ന് ആർഎസ്‌എസിനെ അകറ്റാനുള്ള ശ്രമം നടക്കുന്നത്. കേരളത്തിൽ ഔദ്യോഗിക പ്രതിപക്ഷമില്ല. ഭരണം നടത്തുന്നത് ഇൻഡ്യ മുന്നണിയാണ്.
കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരേ മുന്നണിയുടെ ഭാഗമായത് ആദ്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഇതോടൊപ്പം തന്നെ, സിഎംആർഎൽ വിഷയത്തിൽ പ്രതികരിച്ച കൃഷ്ണദാസ് ആദായ നികുതി അടച്ചാൽ മോഷണം മോഷണം അല്ലാതാകുമോയെന്നും ചോദിച്ചു. കോൺഗ്രസ് പിണറായി വിജയനെയും സിപി എമ്മിനെയും സംരക്ഷിക്കുകയാണെന്നും ഇത് ഇൻഡ്യ മുന്നണിയുടെ ധർമ്മമാണെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.