ഇടുക്കി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം
ഇടുക്കി: ജില്ലയിലെ തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി.
പോലീസ് താക്കീത് നല്‍കിയിട്ടും ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.
തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉയരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്.
ഞായറാഴ്ച ദിവസം പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി അടക്കമുള്ളവ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു ഇവര്‍ നീക്കിയിരുന്നില്ല.തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാടത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.