പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നു; സാമ്പത്തിക സംവരണതിനെതിരെ തമിഴ്നാട്


ചെന്നൈ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ്‌നാട് പുനപ്പരിശോധനാ ഹര്‍ജി നല്‍കും.
പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്ത കക്ഷികള്‍ ഏകാഭിപ്രായത്തോടെ സാമ്ബത്തിക സംവരണത്തെ എതിര്‍ത്തു. വിധിക്കെതിരെ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹ്യ നീതിക്കു വിരുദ്ധമാണ് 103-ാം ഭേദഗതിയെന്ന് സര്‍വകക്ഷി യോഗം പ്രമേയത്തില്‍ പറഞ്ഞു. വിവിധ സുപ്രിം കോടതി വിധികള്‍ക്കും എതിരാണിത്. പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനത്തിനാണ് ഭേദഗതി വഴിയൊരുക്കുകയെന്ന് പ്രമേയം പറയുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ പിന്തുണയ്ക്കുമ്ബോള്‍ തന്നെ സമൂഹ്യ നീതിയുടെ അടിസ്ഥാന ഘടന തകര്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പ്രമേയം പറഞ്ഞു.
ഡിഎംകെ സഖ്യകക്ഷികളായ ഇടതു പാര്‍ട്ടികളും എംഡിഎംകെയും വിസികെയും യോഗത്തില്‍ പങ്കെടുത്തു. എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെയും യോഗത്തിനെത്തി.