മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എഴുതിയതെന്നു പേരിൽ പ്രചരിക്കുന്ന നിയമന ശുപാര്ശ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരിയായ കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
യഥാര്‍ത്ഥ കത്ത് തങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട് ഇനി തുടർന്നുള്ള അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ഒന്നരയാഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. ഈ കത്തിനെ വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല.