ആശ്രമം കത്തിച്ച കേസ്; പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച് നശിപ്പിച്ച കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശിന്റെ ആത്മഹത്യാ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ആത്മഹത്യാ കേസിലെ ഫയലുകള്‍ വിളപ്പില്‍ശാല പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. സഹപ്രവര്‍ത്തകരായ ആര്‍എസ്എസുകാരില്‍ നിന്ന് പ്രകാശിന് മര്‍ദ്ദനം ഏറ്റിരുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തി പ്രകാശ് ആത്മഹത്യ ചെയ്‌തു. തുടര്‍ന്ന് സഹോദരന്‍ പ്രശാന്ത് വിളിപ്പില്‍ശാല പൊലീസിന് നല്‍കിയ പരാതിയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ വഴിത്തിരിവായത്.
ഈ വർഷം ജനുവരിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രകാശ് ആത്മഹത്യ ചെയ്തത്. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശന്‍റെ സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു, മരിക്കുന്നതിന് മുന്‍പ് പ്രകാശ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.