കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും

single-img
8 November 2022

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ പേരിലുള്ള വ്യാജ കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും.

ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തുക. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത.

ക്രൈം ബ്രാഞ്ച് എസ്.പി. മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡിവൈ. എസ്.പി. ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ കെ ജി സെന്റർ ബോംബാക്രമണ കേസ് അന്വേഷിച്ച അതെ ടീം തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്.