കുറ്റകൃത്യത്തെ സമുദായത്തിൻ്റെ പെടലിക്ക് വച്ചുകെട്ടേണ്ട: മുഖ്യമന്ത്രി

single-img
25 October 2024

മലപ്പുറം ജില്ലയുടെ ബന്ധപ്പെട്ട വിവാദമായ പരാമർശത്തിൽ‌ വിശദീകരണവുമായുി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ ആയതാണ്.

ഈ കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചേലക്കരയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റകൃത്യത്തെ സമുദായത്തിൻ്റെ പെടലിക്ക് വച്ചുകെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. കോൺഗ്രസും അവർക്കൊപ്പം കൂടി. മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാൻ എന്ന് വിളിച്ചവർക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. കള്ളക്കടത്ത് സ്വർണം – ഹവാല പണം പിടിക്കുന്നത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. 124 കിലോ സ്വർണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത് മലപ്പുറം ജില്ലയ്ക്ക് എതിരായ നീക്കമാണോ. അതിൽ എന്തിനാണ് വല്ലാതെ പൊള്ളുന്നത്.

കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണം – ഹവാല പണം കടത്തുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് തടയണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനെ എന്തിനാണ് മലപ്പുറത്തിനെതിരായ നീക്കമായി പ്രചരിപ്പിപ്പിക്കുന്നത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചിട്ടുള്ളത് സംഘ് പരിവാർ ആണ്. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തവരാണ് ബിജെപിയും കോൺഗ്രസും.

കൊച്ചു പാകിസ്താൻ എന്ന് മലപ്പുറത്തെ വിശേഷിപ്പിച്ചത് ആരാണെന്ന് ഓർമയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഏതൊരിടത്തും നടക്കുന്ന കുറ്റ കൃത്യം പോലെ തന്നെയാണ് മലപ്പുറത്തെയും കുറ്റ കൃത്യങ്ങൾ. അതിനെ ഒരു സമുദായത്തിന്റെ പിടലിയിൽ വെക്കേണ്ടതില്ല. സർക്കാർ അത്തരമൊരു സമീപനം സ്വീകരിചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.