സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളും ട്രോളുകളും കൂടുതൽ ശക്തയാക്കിമാറ്റി: പ്രിയ വാര്യർ

single-img
22 November 2022

കരിയറിന്റെ തുടക്കത്തിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിമർശനങ്ങളും ട്രോളുകളും കൂടുതൽ ശക്തയാക്കിമാറ്റിയെന്ന് നടി പ്രിയ വാര്യർ. തനിക്ക് ആ സമയം സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പ് വന്നതും ട്രോളുകൾ വന്നതും എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ ആ വിമർശനങ്ങൾ കൂടുതൽ പക്വത നേടാൻ സഹായിച്ചുവെന്ന് പ്രിയ പറഞ്ഞു.

പ്രിയയുടെ വാക്കുകൾ ഇങ്ങിനെ: ‘എനിക്ക് വലിയരീതിയിൽ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല. അതിനുപിന്നാലെ കുറെ ട്രോൾ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്നും മനസിലായിട്ടില്ല. കാരണം ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല.

ഞാൻ ഉള്ളത് വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു. ഈ കാര്യങ്ങളിൽ ഒന്നിലും എനിക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. ഞാൻ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല ഇതൊന്നും ഉണ്ടാകുന്നത്. എനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകർ ആദ്യം ഹൈപ്പാക്കി, പിന്നെ ഒരു സമയം കഴിഞ്ഞപ്പോൾ അവർക്കത് ഇഷ്ടമല്ലാതായി. ഈ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല, എന്റെ നിയന്ത്രണത്തിലല്ലായിരുന്നു അത്.

ആ സമയം ഒരു സൈഡിൽ ഇരുന്ന് ഇതൊക്കെ കാണുക, മനസിലാക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് ഇതുപോലെയുള്ള ട്രോളുകൾ എന്നെ കൂടുതൽ സ്ട്രോങ്ങ് ആക്കി. ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും, കുറച്ച് കൂടി പക്വത നേടാനും അത് സഹായിച്ചു. എനിക്ക് കരിയറിൽ ഇത്രയും വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് ആദ്യമേ കിട്ടിയ അനുഭവം മൂലമാണ്’.