ബാങ്കിന്റെ പിഴവിൽ അക്കൗണ്ടിലേക്ക് കോടികളെത്തി; അടിച്ചുപൊളിച്ച യുവാക്കൾ അവസാനം കുടുങ്ങി
പെട്ടെന്നൊരു സുപ്രഭാതത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ആകസ്മികമായി വഴി മാറി എത്തിയ രണ്ട് കോടിക്ക് മുകളിൽ രൂപ പണം എടുത്ത് അടിച്ചു പൊളിച്ച് ചെലവാക്കി. അവസാനം കുടുങ്ങി യുവാക്കൾ . തൃശൂരിലാണ് സംഭവം. ജില്ലയിലെ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ സംഭവത്തിൽ അറസ്റ്റിലായി.
ബാങ്കിന്റെ പിഴവിനാൽ എത്തിയ ഏകദേശം 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്. സംഭവത്തിൽ സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ യുവാക്കളിൽ ഒരാള്‍ക്ക് പുതുതലമുറ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്.
കോടികള്‍ തന്റെ അക്കൗണ്ടിലെത്താൻ തുടങ്ങിയതോടെ കൈയും കണക്കുമില്ലാതെ ചെലവാക്കാനും തുടങ്ങി. എത്ര ചെലവാക്കുന്നോ, പണം പിന്നെയും വന്നു. ഇയാൾ ഇതുപയോഗിച്ച് ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി. ഇതിനിടെ ഭാഗ്യം പരീക്ഷിക്കാൻ ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണമിറക്കി. ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടി. ട്രേഡിങ് നടത്തി. ഇതിനെല്ലാം കൂടി 2.44 കോടി ചെലവാക്കി.
പല ഘട്ടം ഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ആകെ 171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ബാങ്ക് പരാതിപ്പെട്ടതോടെയാണ് പൊലീസ് ഇവരെ തേടിയെത്തിയത്. അറസ്റ്റിലായയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് കരുതുന്നു.
ലയന സമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ചെലവാക്കിയതില്‍ ഭൂരിഭാഗം തുകയും തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ഏതാനും ലക്ഷങ്ങള്‍ കിട്ടാനുണ്ട്. അനര്‍ഹമായ തുക ചെലവാക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇങ്ങനെ കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.