രാഹുലിന് നിർണായക ദിനം! ഇന്ന് പാർലമെന്‍റിലെത്തുമോ?;ഉറ്റുനോക്കി രാജ്യം
ദില്ലി: എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമോ? രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് രാഹുൽ ഇന്ന് ലോക്സഭയിൽ എത്തുമോ എന്നത് അറിയാനാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നോ, രാഹുലിന്‍റെ ഭാഗത്ത് നിന്നോ കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ആകാംക്ഷ ഏറുകയാണ്. രാഹുലിന്റെ ലോക്സഭാംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്പീക്കർ തീരൂമാനം എടുക്കാത്തത് പ്രതിപക്ഷത്തെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ എന്തുകൊണ്ടാണ് ദിവസങ്ങൾ കടന്നിട്ടും തീരുമാനം എടുക്കാത്തത് എന്ന ചോദ്യമാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം ലോക്സഭാ സ്പീക്കർ സുപ്രീംകോടതി ഉത്തരവും പാർട്ടിയുടെ കത്തും ഇന്ന് പരിശോധിച്ചേക്കുമെന്നാണ് വിവരം. സ്പീക്കർ ദില്ലിക്ക് പുറത്ത് യാത്രയിലാണെന്ന് ലോക്സഭ വൃത്തങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. മാത്രമല്ല ശനിയും ഞായറും അവധി ദിവസമായിരുന്നതും ചിലർ ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ ലോക്സഭാംഗത്വം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പാർലമെന്റിൽ രാഹുൽ പ്രസംഗിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ?; കെ സി വേണുഗോപാൽ
അതേസമയം രാഹുൽ ഗാന്ധി പാർലമെൻറ്റിൽ പ്രസംഗിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമുണ്ടോയെന്ന ചോദ്യമുയർത്തി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ച് സ്പീക്കറിൻറെ തീരുമാനത്തിനായി കാത്തിരിക്കുയാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും അത് സ്പീക്കർ തിരിച്ചറിയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വയനാട്ടിൽ എം പി ഫണ്ട് മുടങ്ങി കിടക്കുയാണ്. രാഹുൽ ഉയർത്തികൊണ്ടുവന്ന പല ജനകീയ പ്രശ്നങ്ങളും വയനാട്ടിലുണ്ട് പക്ഷേ എം പി അല്ലാത്തത് കാരണം മീറ്റിങ്ങുകളിൽ ഒന്നും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിധി പറയുമ്പാൾ സോളിസിറ്റർ ജനറൽ കോടതിയിലുണ്ടായിരുന്നെന്നും അത് കൂടാതെ ഉത്തരവിന്‍റെ പകർപ്പ് എത്തിച്ചിട്ടുണ്ടെന്നും അത് കൊണ്ട് വിധി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് ബാലിശമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തിരുന്നു. രാഹുൽ തിങ്കളാഴ്ച സഭയിൽ എത്തുമോയന്ന് അറിയില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.