രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വിനിമയം ഇനിമുതൽ കള്ളപ്പണ നിരോധന നിയമ പരിധിയിൽ
രാജ്യത്ത് ഇനി മുതൽ ക്രിപ്‌റ്റോ കറൻസികൾ ഉൾപ്പെടെ ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി . ഡിജിറ്റൽ ആസ്തി ഇടപാടുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദേശീയ ആദായ നികുതി നിയമ പ്രകാരണാണ് ഡിജിറ്റൽ ആസ്തികളെ നിർവചിച്ചിട്ടുള്ളത്. ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇനി മുതൽ രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് സംശയാസ്പദമായി പണമിടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കാവുന്നതാണ്.
ഇതോടൊപ്പം തന്നെ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാൻ സാധിക്കും. ഒപ്പം ക്രിപ്‌റ്റോ ഉപയോഗിക്കുന്നവർ സർക്കാർ നിർദേശിച്ച കെവൈസിയും കള്ളപ്പണ നിരോധന നിയമവും പാലിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു.