സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും അംഗീകാരം നല്‍കി ക്യൂബ
ഹവാന: കുടുംബ വ്യവസ്ഥകളില്‍ ചരിത്രപരമായ മാറ്റവുമായി കമ്യുണിസ്റ്റ് ക്യൂബ. സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും ക്യൂബ അംഗീകാരം നല്‍കി.
ഹിതപരിശോധനയില്‍ 60 ശതമാനം ജനങ്ങളും പരിഷ്‌ക്കാരങ്ങള്‍ക്ക് ഒപ്പം നിന്നതോടെ വമ്ബന്‍ സാമൂഹിക മാറ്റത്തിനാണ് കളമൊരുങ്ങുന്നത്.
ക്യൂബയില്‍ വിപ്ലവമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. 1970 ല്‍ രാജ്യത്ത് നിലവില്‍ വന്ന ഫാമിലി കോഡ് തന്നെ അടിമുടി പരിഷ്കരിക്കുകയാണ് രാജ്യം ചെയ്യുന്നത്. സ്വവര്‍ഗ വിവാഹത്തിന് പുറമെ കുടുംബ നിയമവുമായി ബന്ധപ്പെട്ട് മറ്റനേകം നിര്‍ദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്.
വാടക ഗര്‍ഭധാരണത്തിന് പുറമെ, ലിംഗ വിവേചനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോധികര്‍ക്കും കൂടുതല്‍ നിയമ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ജനസംഖ്യയില്‍ കേരളത്തേക്കാള്‍ ചെറുതാണ് ക്യൂബ. 1.25 കോടി ജനം മാത്രമാണ് ക്യൂബയിലുള്ളത്. ഈ ജനസംഖ്യയില്‍ 60 ശതമാനത്തിലേറെ ക്രിസ്തു മതക്കാരാണ്. അതിനാല്‍ തന്നെ പുതിയ മാറ്റങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ രാജ്യത്ത് ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
പരിഷ്കരണങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പ്രചാരണം നടന്നു. എന്നിട്ടും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനാണ് ക്യൂബന്‍ ജനത തീരുമാനിച്ചത്.
ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. 66 ശതമാനം ജനങ്ങളും പരിഷ്കരണത്തെ പിന്തുണക്കുന്ന നിലപാടാണ് ഹിതപരിശോധനയില്‍ സ്വീകരിച്ചതെന്നാണ് ഫലം. ഇതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഫാമിലി കോഡ് അപ്രസക്തമാവും.