കോണ്‍ഗ്രസായി ഉറങ്ങാന്‍ പോകുന്നവര്‍ ബിജെപി ആയി ഉണരുന്ന സ്ഥിതിയാണ് നിലവിലുള്ളത്: ബിനോയ് വിശ്വം
സിപിഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് തന്നെ തിരഞ്ഞെടുത്തതെന്ന് ബിനോയ് വിശ്വം. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും 20 സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസായി ഉറങ്ങാന്‍ പോകുന്നവര്‍ ബിജെപി ആയി ഉണരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അയോധ്യയിലേക്കുള്ള ക്ഷണം നിരസിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസ് യഥാര്‍ത്ഥ കര്‍ത്തവ്യം മറന്നു പോയെന്നും അദ്ദേഹം വിമർശിച്ചു .
ഇതോടൊപ്പം സംസ്ഥാന ഗവര്‍ണര്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ ഭരണഘടനാപരമായ കടമ അറിയാത്ത വ്യക്തിയാണെന്നും രാജ് ഭവനെ ബിജെപി ക്യാമ്പ് ഓഫീസ് ആക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു . എ പി ജയനെ തരംതാഴ്ത്തിയ നടപടിയില്‍ ജയനെ എന്നെന്നേക്കുമായി തള്ളിപ്പറഞ്ഞിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.