ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടക്കുന്നത് ഗുജറാത്തില്‍; കണക്കുകൾ പുറത്തുവിട്ട് നാഷണല്‍ ക്രൈം റിക്കോഡ് ബ്യുറോ
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസറ്റഡി മരണങ്ങള്‍ കൂടുതല്‍ ഗുജറാത്തില്‍ എന്ന് നാഷണല്‍ ക്രൈം റിക്കാര്ഡ് ബ്യുറോയുടെ കണക്കുകൾ പറയുന്നു. ഇവർ പുറത്തുവിട്ട പ്രകാരം 2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.
2015 മുതൽ 2020 വരെയുള്ള കാലയളവിൽ ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങളില്‍ 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ഗുജറാത്തിലെ 23 കസ്റ്റഡി മരണങ്ങളില്‍ 22 പേരും റിമാന്‍ഡില്‍ അല്ലാതെ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.
ഒമ്പതു പേര്‍ പൊലീസില്‍ നിന്നുണ്ടായ മര്‍ദ്ദനത്തിനു പിന്നാലെ ജീവനൊടുക്കിയവരാണ്. ചിലര്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് രോഗം ബാധിച്ച് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടവരാണ്. 2021ൽ നടന്ന കസ്റ്റഡി മരണങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്.
21 കസ്റ്റഡി മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. മധ്യപ്രദേശ്-ഏഴ്, ആന്ധ്രപ്രദേശ്-ആറ്, ഹരിയാന-അഞ്ച് എന്നിങ്ങനെയാണ് കസ്റ്റഡി മരണങ്ങള്‍. അതേസമയം, ഡല്‍ഹിയുള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇക്കാലയളവില്‍ ഒരു കസ്റ്റഡി മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് എന്‍സിആര്‍ബി കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യമാകെയുള്ള കണക്കുകള്‍ പ്രകാരം, കസ്റ്റഡിയിലെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് 38 പേരാണ്. 31 പേരെ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ആറു പേര്‍ ഗുരുതര പരുക്ക് കാരണമാണ് മരിച്ചത്.