കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ അംഗീകരിക്കാനാകില്ല; ഇത് ഷാഫിയുടെ അറിവോടെയല്ല: കെ കെ രമ

single-img
17 April 2024

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എം എല്‍ എ. പക്ഷെ ഇത് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം നിഷേധിക്കുന്നതായും രമ പറഞ്ഞു.

ഇന്ന് രാവിലെ ഉമാ തോമസ് എം എല്‍ എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമ. സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും കെകെ രമ പറഞ്ഞു.

താൻ ഉൾപ്പെടെയുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാനൂര്‍ സ്‌ഫോടന കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

കെ കെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് നേതാവും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്.