ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ; ഇനി ദൈവ പൂജയില്ലെന്നു ദലിത് കുടുംബം
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ ചുമത്തി.
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.
സെപ്തംബര്‍ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദാമില്ല. ഇതിനിടയില്‍ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകന്‍ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച ശൂലത്തില്‍ സ്പര്‍ശിച്ചത്.
ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിര്‍ന്നവരുടെ മുമ്ബാകെ ഹാജരാകാന്‍ അവര്‍ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.
ദലിതര്‍ തൂണില്‍ തൊട്ടെന്നും ഇപ്പോള്‍ അത് അശുദ്ധമാണെന്നും അവര്‍ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവര്‍ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബര്‍ ഒന്നിന് 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ പുറത്താക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ശോഭ മസ്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിയുണ്ടെന്നും അവര്‍ ആരോപിച്ചു. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് കുടുംബം വീട്ടില്‍ നിന്ന് ദൈവങ്ങളുടെ ഫോട്ടോകള്‍ നീക്കി, പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ചുവെന്നാണ് വിവരം.