കർണ്ണാടകയിൽ ദളിത് തൊഴിലാളികളെ ബിജെപി നേതാവ് കാപ്പിത്തോട്ടത്തിൽ തടങ്കലിലാക്കി പീഡിപ്പിച്ചു; ഇരയായത് 16 തൊഴിലാളികൾ

single-img
13 October 2022

കർണ്ണാടകയിലെ ജനുഗദ്ദേ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ദളിത് തൊഴിലാളികളെ ബിജെപി നേതാവ് തടങ്കലിലാക്കി പീഡിപ്പിച്ചു. ദിവസങ്ങളോളം നീണ്ട പീഡനത്തിൽ ഒരു യുവതിയുടെ ഗർഭം അലസി. ചിക്മംഗളൂരുവിലെ ബി ജെ പി നേതാവായ ജഗദീഷ് ഗൗഡയാണ്16 പേരെ പൂട്ടിയിട്ട് ക്രൂര പീഡനത്തിനിരയായത്.

തൊഴിലാളികളെ ഇയാൾ 15 ദിവസമാണ് പൂട്ടിയിട്ടത്. തോട്ടത്തിലെ കൂലിത്തൊഴിലാളികളായ ഇവർ 9 ലക്ഷം രൂപ ജഗദീഷ് ഗൗഡയിൽ നിന്ന് വായ്പ വാങ്ങിച്ചതായും അത് തിരിച്ച് നൽകിയില്ലെന്നും ആരോപിച്ചായിരുന്നു ക്രൂര പീഡനം. ഇതിൽ അർപ്പിത എന്ന യുവതിയുടെ ഗർഭം അലസിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്നെ ജഗദീഷ് ഗൗഡ തടങ്കലിൽ മർദിച്ചതായി യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ തടങ്കലിലാക്കിയതായി കണ്ടെത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ്) തൊഴിലാളികളെ ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടർന്ന് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു. നിലവിൽ ജഗദീഷ് ഗൗഡയും മകൻ തിലക് ഗൗഡയും ഒളിവിലാണ്.