‘ദന’ 120 കിലോമീറ്റര്‍ വേഗതയിൽ ഒഡിഷ തീരം തൊട്ടു; 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്


ദന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഒഡിഷയുടെ തീരം തൊട്ടു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഭിതാര്‍കനികയ്ക്കും ധമാരയ്ക്കും സമീപത്തായാണ് കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുക. ഇതിനെ തുടർന്ന് സംസ്ഥാനത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒഡീഷയുടെ തീരദേശ ജില്ലകളായ കേന്ദ്രപാറ, ജഗത്സിംഗപൂര്‍, ഭദ്രക്, ബാലസോര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. ഒഡിഷയില്‍ 4.17 ലക്ഷം പേരെയും ബംഗാളില്‍ 2.43 ലക്ഷം പേരെയും ഇതുവരെ ഒഴിപ്പിച്ചു.
ധാരാളം മരങ്ങള്‍ കടപുഴകിയെങ്കിലും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ പലസ്ഥലങ്ങളിലും വൈദ്യുതി സംവിധാനം താറുമാറായി. നിലവിൽ ബംഗാളില്‍ മഴ കനക്കുകയാണ്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ 27- വരെ 170-ലധികം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഹൗറ ഡിവിഷനിലെ 68 സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കി. സീല്‍ദാ സ്റ്റേഷനില്‍ നിന്നുള്ള എല്ലാ ലോക്കല്‍ ട്രെയിനുകളും ഇന്ന് രാവിലെ വരെ താത്കാലികമായി നിര്‍ത്തിവച്ചു.
മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത തുറമുഖ അധികൃതരും ഇന്ന് വൈകുന്നേരം വരെ കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ ഒന്‍പത് മണി വരെ നിര്‍ത്തിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 ബറ്റാലിയനുകളും എന്‍ഡിആര്‍എഫിന്റെ 14 ബറ്റാലിയനുകളും തീരദേശ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.