ദില്ലിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിനു കാരണം മരുമകളുടെ സെക്സ് ചാറ്റ് കണ്ടെത്തിയത്

single-img
12 April 2023

ദില്ലി: ദില്ലിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് വൃദ്ധ ദമ്ബതികള്‍ കണ്ടെത്തിയതും ഫോണ്‍ പിടിച്ചുവാങ്ങിയതുമാണ് കൊലപാതകത്തിന് പെട്ടെന്നുള്ള കാരണം.

നേരത്തെ സ്വത്തുതര്‍ക്കമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. അറസ്റ്റിലായ മോണിക്കയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവച്ചെങ്കിലും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. ഇരുവരെയും ഒഴിവാക്കാന്‍ മോണിക്കയും കാമുകന്‍ ആശിഷും തീരുമാനിച്ചതോടെയാണ് കൊലപാതകം.

ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകള്‍ മോണിക്ക(30)യെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിനു മുന്‍പ് ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. വിവാഹം കഴി‍ഞ്ഞതോടെ ജോലി വിടുകയും ഭര്‍ത്താവിനൊപ്പം താമസിക്കുകയും ചെയ്തു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായി. 2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. പീന്നീട് സെക്സ് ചാറ്റുകളിലേക്ക് വഴിമാറി. 2021 വാലന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒരു ഹോട്ടലില്‍ കണ്ടു.

ഗാസിയാബാദിലെ ഹോട്ടലുകളിലായിരുന്നു കൂടിക്കാഴ്ച. മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം അറിഞ്ഞതോടെ ആശിഷിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ സെക്സ് ചാറ്റുകള്‍ മോണിക്കയുടെ ഭര്‍ത്താവ് രവി കണ്ടതോടെ പ്രശ്നം സങ്കീര്‍ണമായി. പിന്നീടാണ് മോണിക്കയെ ഭര്‍തൃപിതാവും മാതാവും നിരീക്ഷിക്കാന്‍ തുടങ്ങിയത്. കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്ന് മോണിക്ക പൊലീസിനോട് പറഞ്ഞു. താമസിക്കുന്ന ഗോകല്‍പുരിയിലെ വീടു വിറ്റ് ദ്വാരകയിലേക്ക് മാറാനുള്ള ഭര്‍തൃമാതാപിതാക്കളുടെ നീക്കമാണ് കൊലപാതകം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു. ഫെബ്രുവരി 20ന് നടന്ന കൂടിക്കാഴ്ചയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.