വന്ദേ ഭാരതിൽ നൽകിയ ഭക്ഷണത്തിൽ ചത്ത പാറ്റ; ഖേദം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ

single-img
20 June 2024

രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയത്.

തന്റെ അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സിൽ പോസ്റ്റിട്ടത്. ഈ വിഷയത്തിൽ കർശനമായ നടപടിയെടുക്കണമെന്നും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഐആർസിടിസി ഖേദം പ്രകടിപ്പിച്ചത്. സംഭവത്തിൽ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആർസിടിസി അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ടിയുള്ള ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവയും വിദിത്തിന്റെ പരാതിയോട് പ്രതികരിച്ചു. ഈ സംഭവം റെയിൽവേയിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.