എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം ആത്മഹത്യ തന്നെ ;ദുരൂഹതകൾ ഇല്ലെന്ന് പൊലീസ്

single-img
24 February 2024

എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. പെൺകുട്ടി മരിക്കുന്നതിന് മുൻപായി സഹോദരിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നും അതിൽ കാര്യം വ്യക്തമാണെന്നും വാഴക്കാട് പൊലീസ് പറഞ്ഞു. മറ്റു ദുരൂഹതകൾ ഇല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം കരാട്ടെ മാസ്റ്റര്‍ സിദ്ദിഖ് അലിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് അധ്യാപകന്‍ പ്രതികരിച്ചിരുന്നു.

ഈ മാസം ആറിനാണ് പെണ്‍കുട്ടി അധ്യാപകനോട് വിവരങ്ങള്‍ പറഞ്ഞത്. എന്നാല്‍ പരാതി കുറച്ച് കഴിഞ്ഞ് നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി കാര്യങ്ങള്‍ സംസാരിച്ചിരുന്നു.

പഠനത്തില്‍ വളരെ മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാറ്റം കണ്ടുതുടങ്ങിയെന്നും അധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ദിഖ് അലി അറസ്റ്റിലായത്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് എതിരെ ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.

കരാട്ടെ അധ്യാപകന്‍ സിദ്ദീഖ് അലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.