മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു


മൈസുരു: മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാറിടിച്ച് മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെ കാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് വ്യക്തമായത്.
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിരമിച്ച ആര്‍ എന്‍ കുല്‍ക്കര്‍ണി വെള്ളിയാഴ്ചയാണ് കാറിടിച്ച് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതില്‍ നിന്ന് ഇദ്ദേഹത്തെ ഇടിച്ച കാറിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് മനസിലായി. കാര്‍ വരുന്നത് കണ്ട് റോഡിന്റെ അരികിലേക്ക് മാറി നടന്ന കുല്‍ക്കര്‍ണിയുടെ നേര്‍ക്ക് കാര്‍ വളഞ്ഞുവരുന്നതും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡില്‍ ശരിയായ ദിശയില്‍ പാഞ്ഞുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൊലപാകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി മൈസുരു സിറ്റി പൊലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത വ്യക്തമാക്കി. കൊല്ലപ്പെട്ട ആര്‍എന്‍ കുല്‍ക്കര്‍ണി നീണ്ട 35 വര്‍ഷക്കാലം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. മുന്‍കൂട്ടി പദ്ധതിയിട്ട് നടത്തിയ കൊലപാതകമാണിതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
സര്‍വീസില്‍ നിന്ന് വിരമിച്ച കുല്‍ക്കര്‍ണി ഫേസെറ്റ്സ് ഓഫ് ടെററിസം ഇന്‍ ഇന്ത്യ (Facets of terrorism in India) എന്ന പേരില്‍ ഇന്ത്യയിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിരുന്നു. ഇത് ഈയടുത്താണ് വിപണിയിലിറങ്ങിയത്. ഇതാണ് കുല്‍ക്കര്‍ണിയുടെ മരണത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്.