നവീൻ ബാബുവിന്റെ മരണം; കളക്ടർക്ക് ഇനി ദീർഘകാല അവധി
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല. റവന്യൂ വകുപ്പ് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി. ഇതോടുകൂടി കളക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം.
ഇന്ന് റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. അതേപോലെ, എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോൾ പ്രകാരം തന്നേക്കാൾ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുൺ കെ വിജയൻ എ ഗീതയ്ക്ക് നൽകിയിരുന്നു.
എൻഒസി നൽകുന്നതിൽ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു.